Saturday, January 22, 2011

വിശപ്പോളം വരുമോ....

വിശപ്പിന്റെ ആഴങ്ങളില്‍ നിന്നും
രണ്ടൂ കണ്ണുകളെന്നെ വിടാതെ പിന്തുടരുന്നുണ്ട്

വെയിലും നിഴലും ഊഴമിട്ടിരിക്കുന്ന
കൂട്ടിരിപ്പിന്റെ(കന്ദറ)പാലം പിന്നിട്ട്
ആള്‍കൂട്ടത്തില്‍ നിയെന്നെ തിരഞ്ഞപ്പോള്‍
ഞാന്‍ ബോധാവബോധത്തിന്റെ
ചുഴിയിലകപ്പെട്ടിരിക്കുകയായിരുന്നു

ശ്യൂന്യമായൊരു വയറ്റില്‍നിന്നും
നീ നീട്ടിയ കൈയ്യിലേക്കൊരു
പിടിവറ്റെങ്കിലും തരാന്‍ എനിക്കായില്ല.

ഒഴിവുദിനത്തിലെ ഭക്ഷണത്തിലെ കൊഴുപ്പ്
മങ്ങിച്ചതായിരിക്കണമെന്റെ കാഴ്‌ച.

ഒരു മല തന്നെ തിന്നാലും
മാറില്ല നിന്റെ വിശപ്പിന്റെ
ആഴമെന്നെനിക്കറിയില്ലാരുന്നു.

വിശപ്പിന്റെ ഏതോ കോണില്‍ നിന്നും
അന്നത്തിന്റെ മറുകര തേടിവന്ന ചെറുപ്പകാരാ...
ഈ കുടിയേറ്റകാരനോട് പൊറുക്കുക.
വിശപ്പിന്റെ കൂട്ടനിലിവിളിയോളം വരില്ല
കുടിയേറിയവന്റെ ആകുലത.

-----------------------------------------

മിന്നലെറിയും മുമ്പെ ഇടിനാദം
താരാട്ടുപാട്ടും മൂളി വരുന്നുണ്ട്

കവിതയില്‍ കഥ വിതച്ചവര്‍
ഉപന്യാസവും കൊയ്ത്
ഘോഷയാത്രയായി വരുന്നുണ്ട്

കടലില്‍ പുഴയെറിഞ്ഞവര്‍
വലയിലൊരു
മണല്‍‌ ലോറിയുമായി വരുന്നുണ്ട്.

Monday, February 05, 2007

വില്‍‌ക്കാനായിനി.....

നേരം പരാപരാ
വെളുക്കുന്നതിനും മുമ്പ്
കൊതുകിനെ ഭയന്ന്
ജനലുകളും കതകും
അടച്ചിട്ട മുറിക്കുള്ളില്‍
കൂട്ടുകാരായി
വെളുത്തമേനി കടലാസ്സും
ആവി പാറുന്ന കട്ടന്‍ ചായയും.
ഏകാന്തത, ഏകാഗ്രത, നിശ്ശബ്‌ദത
തീഷ്‌ണമായ വാക്കുകള്‍ തേടി
ഓര്‍മ്മകളുടെ കൊടുംതപസ്സിലേക്ക്
ബാല്യം, യുവത്വം, വാര്‍‌ധക്യം
കളിമുറ്റം, ഇണക്കം, പിണക്കം, പ്രണയം
വിരഹം, വിപ്ലവം, ആത്‌മീയത
വാക്കുകള്‍ പാതി വഴിയിലെവിടെയോ
ഒളിച്ചുകളി നടത്തുന്നു
എഴുത്തിന്റെ കമ്പോളത്തില്‍
ഇനി എന്ത് വില്പനക്ക് വെയ്‌ക്കും?
അനുഭവമോ, ഭാവനയോ, അതോ
കടമെടുത്തൊരു
കടം കഥയോ?

Thursday, July 06, 2006

കവിത: പുഴ

പുഴയുടെ ഉറവകളാദ്യം
ഉരുവം കൊള്ളുന്നത്
കത്തിയാളുന്ന വെയിലില്‍
കടും വേല ചെയ്യുന്ന
കറുത്ത മനുഷ്യന്റെ
തൊലിപ്പുറങ്ങളിലാണ്.

വിയര്‍പ്പിന്റെ ചാലുകള്‍
ശാഖോപശാഖകളായി പിരിഞ്ഞ്
ദാഹിച്ചുവലഞ്ഞ നിലവും കടന്ന്
കുത്തിയൊഴുകുന്ന പുഴതേടിയവ
ഇഴഞ്ഞു നീങ്ങുന്നു.

പുഴയുടെ ഓളം തള്ളലുകള്‍ക്കായാദ്യം
വട്ടം പിടിക്കുന്നത്
ദിക്കുതെറ്റിയ യാത്രക്കാരന്റെ
വരണ്ടുണങ്ങിയ
ഉള്‍തടങ്ങളാണ്.
ഒരു പുഴ മുഴുവന്‍ കുടിച്ചുവറ്റിച്ചാലും
തീരാത്ത ദാഹം
അപ്പോഴയാളില്‍ ബാക്കിയുണ്ടാവും.

പുഴയൊടുങ്ങുന്നതും
ദുരമൂത്ത മനുഷ്യന്റെ
കയ്യിരുപ്പാല്‍ തന്നെ.
പുഴയുടെ ഗര്‍ഭത്തില്‍
നഞ്ജു കലക്കിയും
പുഴയിറക്കങ്ങളില്‍ എടുപ്പുകളെടുത്തും.....................

Tuesday, June 20, 2006

അവസ്ഥാന്തരങ്ങള്‍

അടയാളപെടുത്തിയവയെക്കാള്‍
അടയാളപെടുത്താതെ പോയ
വാക്കുകള്‍ ഉള്ളിലൊതുക്കിയ
മുനയൊടിഞ്ഞൊരു തൂലികയാണു
ഞാന്‍.

കരിമഷിക്കു പകരം
കണ്ണുനീരും
തൂ വെള്ള കടലാസ്സിന്നു പകരം
തുറന്ന മാനവും
പുറപൂച്ചുകള്‍ക്കു പകരം
ഉള്‍തുടിപ്പുകളും
കൂടികുഴഞ്ഞൊരു
കൂട്ടക്ഷരമാണെന്റെ
എഴുത്ത്.

ഇന്നലെയില്‍ നിന്ന്
ഇന്നിലേക്കും
ഇന്നില്‍ നിന്ന്
എന്നിലെക്കും
എന്നില്‍ നിന്ന്
നിന്നിലെക്കും
ഞാന്‍ നടന്നു തീര്‍ത്ത
വഴി ദൂരമാണെന്റെ
ജീവിതം.

കാലത്തിന്റെ
കാളപോരില്‍
തളര്‍ന്നു തൂങ്ങിയതാണെന്റെ
തോളെല്ലുകള്‍.

പാഥേയമില്ലാത്ത
പഥികന്റെയീ യാത്രയില്‍
ഉടഞ്ഞ കണ്ണാടിക്കുള്ളിലെ
പ്രതിബിംബം
സാക്ഷി നിര്‍ത്തി
ഞാന്‍ നീയായും
നീ ഞാനായും
നമുക്ക് പിരിയാം.

Sunday, June 18, 2006

കവിത: വാക്കുകളുണ്ടാവുന്നത്

വാക്കുകളാദ്യം
ഉരുവം കൊള്ളുന്നത്
മൌനത്തിന്റെ
വിറങ്ങലിച്ച
ഇടവേളകളിലാണ്.

വാക്കുകള്‍....
തീഷ^ണത മുറ്റിയ
പതറിയ ശബ് ദങ്ങള്‍

വാക്കുകള്‍....
ജീവിതത്തിന്റെ
മേച്ചില്‍ പുറങ്ങളില്‍ നിന്നും
പുറബ്ബോ‍ക്കിലേക്ക്
ആട്ടിയോടിക്കപെട്ടവരില്‍
അമര്‍ന്നുപെയ്യുന്ന
പുറം ലോകമറിയാത്ത
ഗദ്ഗദങ്ങള്‍.

വാക്കുകള്‍....
മുഖ്യധാരയില്‍ നിന്നും
അകറ്റിനിര്‍ത്തപെട്ടവരുടെ
അടയാളപെടുത്താതെ പോയ
ലിപികളിലൊതുങ്ങാത്ത
ഉള്‍തുടിപ്പുകള്‍.

വാക്കുകള്‍....
ഇരകളാക്കപ്പെട്ടവരുടെയും
അടിച്ചമര്‍ത്തപെട്ടവരുടെയും
നിലയ്ക്കാത്ത
നിലവിളികള്‍.

കവിത: പ്രണയം

കാഞ്ഞിര മരത്തണലിലിരുന്ന്
പാല്‍ പായസം കുടിക്കെ
കുരുവി കൂട്ടില്‍
പെറ്റുവളര്‍ന്നൊരു കാക്കയെന്നോടു
കുശലം ചോദിച്ചു.
കൌശലത്തില്‍ മോശക്കാരനല്ലാത്ത
ഞാനും ഒഴിഞ്ഞ് മാറി കൊടുത്തില്ല.
ഒടുവില്‍ ഒരു തുള്ളി കണ്ണുനീരെനിക്കു
കടമായി തന്നപ്പോള്‍
ഒരു കാഞ്ഞിരക്കായ നിറയെ
പാല്‍ പായസം
ഞാനതിന്‌ പകരമായി നല്‍കി.

കവിത: ശൂന്യത

എഴുത്ത് മനസ്സില്‍ ധ്യാനിച്ച്
പേന കടലാസ്സില്‍
ഇഴഞ്ഞു നീങ്ങവേ
ഉള്ളില്‍ ഊറികൂടിയ
കവിതയുടെ സിരകളില്‍
ചോര പൊടിഞ്ഞ്
കടലാസ്സിന്റെ
വെളുത്ത മേനിയെ
ചുവപ്പിക്കുന്നു.