Thursday, July 06, 2006

കവിത: പുഴ

പുഴയുടെ ഉറവകളാദ്യം
ഉരുവം കൊള്ളുന്നത്
കത്തിയാളുന്ന വെയിലില്‍
കടും വേല ചെയ്യുന്ന
കറുത്ത മനുഷ്യന്റെ
തൊലിപ്പുറങ്ങളിലാണ്.

വിയര്‍പ്പിന്റെ ചാലുകള്‍
ശാഖോപശാഖകളായി പിരിഞ്ഞ്
ദാഹിച്ചുവലഞ്ഞ നിലവും കടന്ന്
കുത്തിയൊഴുകുന്ന പുഴതേടിയവ
ഇഴഞ്ഞു നീങ്ങുന്നു.

പുഴയുടെ ഓളം തള്ളലുകള്‍ക്കായാദ്യം
വട്ടം പിടിക്കുന്നത്
ദിക്കുതെറ്റിയ യാത്രക്കാരന്റെ
വരണ്ടുണങ്ങിയ
ഉള്‍തടങ്ങളാണ്.
ഒരു പുഴ മുഴുവന്‍ കുടിച്ചുവറ്റിച്ചാലും
തീരാത്ത ദാഹം
അപ്പോഴയാളില്‍ ബാക്കിയുണ്ടാവും.

പുഴയൊടുങ്ങുന്നതും
ദുരമൂത്ത മനുഷ്യന്റെ
കയ്യിരുപ്പാല്‍ തന്നെ.
പുഴയുടെ ഗര്‍ഭത്തില്‍
നഞ്ജു കലക്കിയും
പുഴയിറക്കങ്ങളില്‍ എടുപ്പുകളെടുത്തും.....................

7 comments:

Anonymous said...

നന്നായിരിക്കുന്നു ഷാജിദ് .
എഴുതൂ, വീണ്ടും.
മണ്ണില്‍ കളഞ്ഞുപോയ ആകാശമുത്തശ്ശിയുടെ മടിശ്ശീലയിലെ വെള്ളമണികള്‍... വേരേ..
മണ്ണേ അറിയുമോ....?

ഡാലി said...

വളരെ നല്ല ആശയങ്ങള്‍.. ഇടക്കു നിര്‍ത്തലുകല്‍ മനോഹരമക്കിയ കവിത..
പുഴ ...പിന്നെ മനുഷ്യന്‍...പിന്നെയും പുഴ

dooradarshanam said...

സുനില്‍
താങ്കളുടെ വിലപെട്ട അഭിപ്രായങ്ങള്‍ എന്നെ വല്ലാതെ സന്തോഷിപ്പിക്കൂന്നു. ഇനിയും എഴുതാന്‍ വേണ്ടി ശ്രമിക്കണം എന്ന ഉള്‍വിളി ഉണ്ടാകുന്നത് ഇത്തരം കുറിപ്പുകളാണല്ലോ....
ഡാലി, എന്റെ കവിത ഇഷ്ടപ്പെട്ടു എന്നറിയിച്ചതില്‍ വളരെ സന്തോഷം. ഈ കവിത കുറെ മുന്‍ബ്ബ് എഴുതിയതാണു.
സസ് നേഹം

ഷാജിദ്

Unknown said...

കവിത നന്നായിരിക്കുന്നു ഷാജിദ്.

അപ്പോള്‍ പുഴയെ കച്ചവടം ചെയ്യുന്നവര്‍,
“നീ നിന്റെ വിയര്‍പ്പ് കൊണ്ട് ഉപജീവനം തേടും” എന്ന ബൈബിള്‍ വചനം(ഉല്പത്തി പുസ്തകം 3:19) അനുസരിക്കുകയാണു ചെയ്യുന്നത് അല്ലേ?

മുസാഫിര്‍ said...

കവിത നന്നായിരിക്കുന്നു ഷാജിദ്.അധികം ആരും കണ്ടിട്ടില്ല എന്നു തോന്നുന്നു

ലിഡിയ said...

പുഴയും കാടും ദുര മൂത്ത് തിന്ന് തിന്ന് ഒരു നാള്‍ അഗ്നി ഗോളങ്ങള്‍ പെയ്യുന്ന ആകാശത്തിനു ചോട്ടില്‍ നില്ക്കും,ഞാനും നീയും.

നമ്മുടെ കുഞ്ഞുങ്ങളുടെ ശാപം മരണത്തിന്റെ അനന്തതയ്ക്കുമപ്പുറത്ത് നമ്മെ വെട്ടയാടും.

-പാറു.

Santhosh said...

വേറിട്ട കാഴ്ചകള്‍. ഇനിയും എഴുതൂ.