Tuesday, June 20, 2006

അവസ്ഥാന്തരങ്ങള്‍

അടയാളപെടുത്തിയവയെക്കാള്‍
അടയാളപെടുത്താതെ പോയ
വാക്കുകള്‍ ഉള്ളിലൊതുക്കിയ
മുനയൊടിഞ്ഞൊരു തൂലികയാണു
ഞാന്‍.

കരിമഷിക്കു പകരം
കണ്ണുനീരും
തൂ വെള്ള കടലാസ്സിന്നു പകരം
തുറന്ന മാനവും
പുറപൂച്ചുകള്‍ക്കു പകരം
ഉള്‍തുടിപ്പുകളും
കൂടികുഴഞ്ഞൊരു
കൂട്ടക്ഷരമാണെന്റെ
എഴുത്ത്.

ഇന്നലെയില്‍ നിന്ന്
ഇന്നിലേക്കും
ഇന്നില്‍ നിന്ന്
എന്നിലെക്കും
എന്നില്‍ നിന്ന്
നിന്നിലെക്കും
ഞാന്‍ നടന്നു തീര്‍ത്ത
വഴി ദൂരമാണെന്റെ
ജീവിതം.

കാലത്തിന്റെ
കാളപോരില്‍
തളര്‍ന്നു തൂങ്ങിയതാണെന്റെ
തോളെല്ലുകള്‍.

പാഥേയമില്ലാത്ത
പഥികന്റെയീ യാത്രയില്‍
ഉടഞ്ഞ കണ്ണാടിക്കുള്ളിലെ
പ്രതിബിംബം
സാക്ഷി നിര്‍ത്തി
ഞാന്‍ നീയായും
നീ ഞാനായും
നമുക്ക് പിരിയാം.

Sunday, June 18, 2006

കവിത: വാക്കുകളുണ്ടാവുന്നത്

വാക്കുകളാദ്യം
ഉരുവം കൊള്ളുന്നത്
മൌനത്തിന്റെ
വിറങ്ങലിച്ച
ഇടവേളകളിലാണ്.

വാക്കുകള്‍....
തീഷ^ണത മുറ്റിയ
പതറിയ ശബ് ദങ്ങള്‍

വാക്കുകള്‍....
ജീവിതത്തിന്റെ
മേച്ചില്‍ പുറങ്ങളില്‍ നിന്നും
പുറബ്ബോ‍ക്കിലേക്ക്
ആട്ടിയോടിക്കപെട്ടവരില്‍
അമര്‍ന്നുപെയ്യുന്ന
പുറം ലോകമറിയാത്ത
ഗദ്ഗദങ്ങള്‍.

വാക്കുകള്‍....
മുഖ്യധാരയില്‍ നിന്നും
അകറ്റിനിര്‍ത്തപെട്ടവരുടെ
അടയാളപെടുത്താതെ പോയ
ലിപികളിലൊതുങ്ങാത്ത
ഉള്‍തുടിപ്പുകള്‍.

വാക്കുകള്‍....
ഇരകളാക്കപ്പെട്ടവരുടെയും
അടിച്ചമര്‍ത്തപെട്ടവരുടെയും
നിലയ്ക്കാത്ത
നിലവിളികള്‍.

കവിത: പ്രണയം

കാഞ്ഞിര മരത്തണലിലിരുന്ന്
പാല്‍ പായസം കുടിക്കെ
കുരുവി കൂട്ടില്‍
പെറ്റുവളര്‍ന്നൊരു കാക്കയെന്നോടു
കുശലം ചോദിച്ചു.
കൌശലത്തില്‍ മോശക്കാരനല്ലാത്ത
ഞാനും ഒഴിഞ്ഞ് മാറി കൊടുത്തില്ല.
ഒടുവില്‍ ഒരു തുള്ളി കണ്ണുനീരെനിക്കു
കടമായി തന്നപ്പോള്‍
ഒരു കാഞ്ഞിരക്കായ നിറയെ
പാല്‍ പായസം
ഞാനതിന്‌ പകരമായി നല്‍കി.

കവിത: ശൂന്യത

എഴുത്ത് മനസ്സില്‍ ധ്യാനിച്ച്
പേന കടലാസ്സില്‍
ഇഴഞ്ഞു നീങ്ങവേ
ഉള്ളില്‍ ഊറികൂടിയ
കവിതയുടെ സിരകളില്‍
ചോര പൊടിഞ്ഞ്
കടലാസ്സിന്റെ
വെളുത്ത മേനിയെ
ചുവപ്പിക്കുന്നു.