Tuesday, June 20, 2006

അവസ്ഥാന്തരങ്ങള്‍

അടയാളപെടുത്തിയവയെക്കാള്‍
അടയാളപെടുത്താതെ പോയ
വാക്കുകള്‍ ഉള്ളിലൊതുക്കിയ
മുനയൊടിഞ്ഞൊരു തൂലികയാണു
ഞാന്‍.

കരിമഷിക്കു പകരം
കണ്ണുനീരും
തൂ വെള്ള കടലാസ്സിന്നു പകരം
തുറന്ന മാനവും
പുറപൂച്ചുകള്‍ക്കു പകരം
ഉള്‍തുടിപ്പുകളും
കൂടികുഴഞ്ഞൊരു
കൂട്ടക്ഷരമാണെന്റെ
എഴുത്ത്.

ഇന്നലെയില്‍ നിന്ന്
ഇന്നിലേക്കും
ഇന്നില്‍ നിന്ന്
എന്നിലെക്കും
എന്നില്‍ നിന്ന്
നിന്നിലെക്കും
ഞാന്‍ നടന്നു തീര്‍ത്ത
വഴി ദൂരമാണെന്റെ
ജീവിതം.

കാലത്തിന്റെ
കാളപോരില്‍
തളര്‍ന്നു തൂങ്ങിയതാണെന്റെ
തോളെല്ലുകള്‍.

പാഥേയമില്ലാത്ത
പഥികന്റെയീ യാത്രയില്‍
ഉടഞ്ഞ കണ്ണാടിക്കുള്ളിലെ
പ്രതിബിംബം
സാക്ഷി നിര്‍ത്തി
ഞാന്‍ നീയായും
നീ ഞാനായും
നമുക്ക് പിരിയാം.

5 comments:

വര്‍ണ്ണമേഘങ്ങള്‍ said...

കൊള്ളാം മാഷേ..
പാഥേയമില്ലാതെയാണ്‌ യാത്രയെന്ന്‌ കരുതണ്ടാ..
പോയ കാലത്തിന്റെ നഷ്ട നിമിഷങ്ങളെ ഉള്ളിലടുക്കി യാത്ര തുടരൂ..
അറിയാത്ത കോണിലെങ്ങോ കരുതി വെച്ചാല്‍
മരവിപ്പ്‌ ചിതറുന്ന നിമിഷങ്ങളില്‍ കൂട്ടി വായിക്കാം..
പിന്നെ നോവെന്നോ, നിലാവെന്നോ ഇഴ പിരിക്കാതെ തിരികെ വെക്കാം..
മരിയ്ക്കുവോളം..!

പരസ്പരം said...
This comment has been removed by a blog administrator.
പരസ്പരം said...
This comment has been removed by a blog administrator.
പരസ്പരം said...

കവിത നന്നായിരിക്കുന്നു, തലക്കെട്ടിലൊരു അക്ഷരതെറ്റ് കടന്നുകൂടിയിരിക്കുന്നു.. ‘അവസ്ഥാന്തരങ്ങള്‍’

സു | Su said...

എഴുത്ത് നന്നായി :)